Sunday 12 June 2016

എന്റെ ചക്കരവാവ......... ഇവൾ ചിരിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യായിട്ടാ ഒരു ഫോട്ടോ എടുക്കാനൊക്കെ പറ്റിയത്...... ന്റെ ഉമ്മച്ചി അവൾടെ കൈ പിടിച്ച് വെച്ചു.... ഇല്ലേൽ ഈ പാൽപുഞ്ചിരി കാമറയിൽ  പകർത്താൻ പറ്റൂല്ലാന്നേ..... 
ആലോചിക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്..ഒരു കുഴപ്പവും ഇല്ലാത്ത എന്നെ ഇവിടെ എന്തിനാ പിടിച്ചിട്ടിരിക്കുന്നെ എന്ന് ആലോചിച്ചിട്ട്....
 അതായത് നവംബർ 22 ഞായാറാഴ്ച ആണ് ഡോക്ടറുടെ നിർദേശപ്രകാരം ഈ ഹോസ്പിറ്റലിൽ വന്ന് അഡ്മിറ്റ് ആയത്. വന്ന ഉടനെ ലേബർ റൂമിൽ കൊണ്ടു പോയ നഴ്സ് 4 cm dilation എന്ന് പറഞ്ഞു. എനിക്ക് സന്തോഷം... ഒന്നു വേഗം പെറ്റിട്ട് വീട്ടിൽ പോകാല്ലോ..പണ്ടേ എനിക്ക് ആശുപത്രി അലർജി ആണ്. സിസ്റ്റർ വയറിളക്കാനുള്ള മരുന്നും തന്നു. ഇന്നലെ മൈസൂർപ്പഴം തിന്നിട്ട് രാവിലെ എല്ലാം കഴിഞ്ഞിരുന്നു. എങ്കിലും ഇളകാതിരിക്കണട എന്നു കരുതി ഒന്നു രണ്ടു വട്ടം പോയി... പിന്നെ എൻറെ കൈകളിൽ സിറിഞജ് കയറ്റി. ശക്തമായ വേദന....
അല്പം കഴിഞ്ഞ് വീണ്ടും പരിശോധന...  ഇത് 2 cm ഉള്ളത്..നഴ്സമ്മച്ചിയുടെ പുനർ നിർണയം.. അണ്ടി പോയ അണ്ണാനെ പോലെ ഞാൻ വാ പൊളിച്ചിരുന്നു. അപ്പോൾ പിന്നെ ഈ വേദന എവിടുന്നാ വരുന്നെ...????. അൽഫുദം എന്നല്ലാതെ എന്തു പറയാൻ ആ നഗ്ന സത്യം അറിഞ്ഞതോടെ വേദനയും പടിയിറങ്ങി.  ഉച്ചയായപ്പോൾ റൂമിലെത്തി. ഉമ്മയും ഉപ്പയും ഉമ്മുമയുംഉമ്മയുടെ സഹോദരനും റൂമിൽ ഹാജർ.. ഉപ്പ കൊണ്ടു വന്ന കഞ്ഞിയും കുടിച്ച് ഞാനവരോട് വെടി പറയാനിരുന്നു.. എനിക്ക് വേറെന്താ ജോലി... (??? )
 വൈകുന്നേരം പിന്നേം ചെക്കപ്പ് നോ പുരോഗതി....
അതിനിടയിൽ നഴ്സുമാർ വന്നും പോയും കൊണ്ടിരുന്നു.. ഇടക്കിടക്ക് വയറിൽ ടോർച്ച് പോലോത്തെ ഒന്ന് വെച്ച് പരിശോധിക്കുന്നു. പുറത്ത് വരാൻ മടിച്ച് നിൽക്കുന്നവൻ അനങ്ങുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുകയാണു പോലും.....
റൂമിനുപുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എൻറെ കാൽ കഴച്ചത് മിച്ചം . വേദന എന്നെ തൊട്ടു തീണ്ടുന്നേ ഇല്ല. അതിനിടയിൽ കുറേ മിഠായിയും ഈന്തപ്പഴവുമൊക്കെ കയ്യിൽ പറന്നെത്തി... പാവം പിടിച്ച ഒരുത്തി ഇല്ലാത്ത വേദന വരുത്തിക്കാനായി ഏന്തി വലിഞ്ഞ് നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നിക്കാണും... എന്തായാലും അതല്ല  ആ റൂമിലെ സ്ത്രീ ഇരട്ട പ്രസവിച്ചു. ആ സന്തോഷത്തിൽ തന്നതാണ്..
ഇടക്കിടക്ക് ഭർത്താവ് വിളിച്ചോണ്ടിരുന്നു.. ഇത് വരെ പെറ്റില്ലേടീ.... എടുത്ത വായിക്ക് വന്ന ചോദ്യം...
ചുമ്മാ അങ്ങ് പെറാൻ പറ്റുമോ.... അങ്ങനെയെങ്കിൽ പണ്ടേ പെറ്റേനെ...
എന്നാലും എൻറെ കുഞ്ഞേ... നിനക്കൊന്ന് താണുവന്നൂടെടാ .... ചുമ്മാ രാത്രി വരെ ഇവിടെ ഇങ്ങനെ വട്ടം കറങ്ങണമായിരുന്നോ...
അല്ലേലും  എന്നെ പറഞ്ഞാൽ മതിയല്ലോ... രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് വന്നാൽ മതി എന്ന് ഞാൻ വാശി പിടിച്ചിരുന്നേൽ ചുമ്മാ വേഗം ഒന്ന് പോകാമായിരുന്നു.. ഇതിപ്പോ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന വിധമായിപ്പോയി.രാത്രി വരെ തഥൈവ.  കാൻറീനിലെ രുചിയില്ലാത്ത ചോറും കഴിച്ച്  ഉറങ്ങാനൊരുങ്ങി.. ദേ പിന്നേം ചെക്കപ്പ്.... ഒരു ഗുണവുമില്ല. എന്തോന്നാത്തിനാണാവോ എന്നോട് വന്ന് അഡ്മിറ്റ് ആകാൻ പറഞ്ഞത്.. വേദന വരാനുള്ള ഗുളികയും തന്നു... രാവിലെ വരെ എങ്ങനെയെങ്കിലും കഴിച്ച് കൂട്ടി... രാവിലെ എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് നിൽക്കുമ്പോഴാണ് നഴ്സ് വന്നു വീണ്ടും വിളിക്കുന്നത്... എന്തിനാണാവോ എന്ന ഭാവത്തിൽ ചെന്നു.ഡോക്ടർ പടിക്കൽ തന്നെയുണ്ട്... ബുഷ്റാൻറെ കുഞ്ഞിന് വരണമെന്നില്ലേ...ഡോക്ടറുടെ ചോദ്യം കേട്ട് ഞാനൊരു മങ്ങിയ ചിരി പാസാക്കി...
ദേ പിന്നേം ഗുളിക. എനിക്ക് ചിരിയാണു വന്നത്. പക്ഷേ തിരിച്ച് റൂമിലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഇടക്കിടയ്ക്ക് വേദനയുടെ മുൾനാമ്പുകൾ, ഞാൻ മൊബൈലിൽ ടൈമർ ഓൺ ചെയ്ത് വെച്ചു. അതെ ഇത് റെഗുലർ തന്നെ.കൃത്യമായ ഇടവേളകൾ... കുറച്ച് കഴിഞ്ഞപ്പോൾ നഴ്സ് വന്നു.. വീണ്ടും ലേബർ റൂം... അതെ ആ മുറി ഇനി തുറക്കില്ല. വേദനയുടെ തീവ്രത കൂടി വരുന്നു. പ്രസവിക്കുമ്പോൾ നിലവിളിക്കില്ലെന്ന് ആണയിട്ടു പറഞ്ഞ എൻറെ കരച്ചിൽ അവിടെയാകെ പ്രതിധ്വനിച്ചു.  അവിടെ നിന്നും ഓടിപ്പോകണമെന്ന് തോന്നി... ഇത്രയ്ക്കും കഠിനമാണോ പ്രസവം... ഇടയ്ക്ക് ഉമ്മ വന്നു.. മന്ത്രിച്ച വെള്ളവും കൊണ്ട്.... ഇല്ല.. ഈ വേദന സഹിച്ചേ പറ്റൂ...... മണിക്കൂറുകൾ ഇഴഞ്ഞ് നീങ്ങുന്നു... എനിക്കെന്താ പറ്റിയേ.. എൻറെ മുഖത്ത് ഓക്സിജൻ മാസ്ക്... സിസ്റ്റർമാർ തമ്മിൽ എന്തൊക്കെയോ പറയുന്നു...എനിക്ക് ബാത്റൂമിൽ  പോകണം... ഞാൻ കരയാൻ തുടങ്ങി...അവരെന്നെയും കൊണ്ട് മറ്റൊരു മുറിയിലേക്ക്.... എൻറെ കാഴ്ച മങ്ങിയത് പോലെ... നഴ്സുമാർ നീല ഗൗൺ അണിഞ്ഞു...പള്ളിയിൽ നിന്നും ബാങ്ക് വിളി.. സമയം 12:30.... ഡോക്ടർ ഓടിക്കിതച്ചു വന്നു... ഓരോ തള്ളിച്ചകളിലും ശരീരം മരവിച്ച പോലെ... അള്ളാഹ്... മനസ് ശഹാദത്ത് ചൊല്ലി....  അധികം നീണ്ടു നിൽക്കാത്ത വേദനയ്ക്കൊടുവിൽ ഒരു കുഞ്ഞു നിലവിളി... അൽഹംദുലില്ലാഹ്.. കണ്ണീർ ധാരയായൊഴുകി.... എൻറെ കുഞ്ഞ്.... ചുണ്ടുകൾ വിതുമ്പി...
പെൺകുട്ടി.....
മനസ് നിറഞ്ഞത് പോലെ... ഇല്ല ഞാനവളുടെ മുഖം കണ്ടില്ല.. പിന്നെയും എന്തൊക്കെയോ... വീൽചെയർ ഉരുട്ടി പുറത്തേക്ക്..... എൻറെ ഉമ്മയുടെ കയ്യിൽ അവൾ, എൻറെ മാലാഖ....ഉമ്മ അവളെ എൻറെ കൈകളിലേക്ക് തന്നു.. വാത്സല്യം കൊണ്ട് എൻറെ ഹൃദയം തുടിച്ചു.... എൻറെ പ്രിയ ഭർത്താവിന് നന്ദി... ഇതു പോലൊരു കുഞ്ഞു മോളെ തന്നതിന്...കുഞ്ഞിനെ തിരികെ വാങ്ങി വീണ്ടും ലേബർ റൂം.... ഡ്രിപ്പിട്ട് ഒരു മണിക്കൂർ എന്നെ അവിടെ കിടത്തി..അപ്പോഴും കുഞ്ഞിൻറെ അടുത്ത് എത്താൻ മനസ് വെമ്പി.. കുളിച്ച് വൃത്തിയായി റൂമിലെത്തി.. അവിടെ എൻറെ ചാരെ എൻറെ പൊന്നുമോൾ... ഞാനവളുടെ മുടിയിൽ തലോടി. പട്ടു പോലോത്തെ മുടി.. അവളെ കാണാൻ ഒത്തിരി ബന്ധുക്കൾ വന്നു. അതിനിടയിൽ അവളുടെ ഉപ്പ , എൻറെ പ്രിയ ഭർത്താവ് വിളിച്ചു. സന്തോഷം ആ വാക്കുകളിൽ അലയടിച്ചു. പണ്ടെന്നോ കണ്ട സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ ദിവ്യപ്രണയം.....അതിനൊരു അർത്ഥം കൈവന്നിരിക്കുന്നു. അതും ആഗ്രഹിച്ച പോലെ ഒരു പെൺകുഞ്ഞ്...
പിറ്റേന്ന് ഹോസ്പിറ്റൽ വിട്ടു. അവിടുത്തെ നല്ലവരായ നഴ്സുമാരോടും ഡോക്ടറോടും യാത്ര പറഞ്ഞു... ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ചെന്നു കേറി......

എൻറെ മോളുടെ മുഖം കാണുമ്പോൾ മനസ് തുടിക്കുന്നു...... അവൾ കൂടെ ഉണ്ടാകുമ്പോൾ ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നത് അറിയുന്നേയില്ല. ഇനിയെൻറെ ജീവിതം അവൾക്ക് വേണ്ടി മാത്രമാണ്. അവളെ നല്ല ഉടുപ്പിടുവിച്ച് കണ്ണെഴുതി സുന്ദരിയാക്കണം അവളുടെ കളിചിരികൾ കാണണം. ഇന്നവൾ കുഞ്ഞിക്കണ്ണു തുറന്ന് എന്നെ നോക്കുന്നു. എൻറെ സ്പർശം മനസിലാക്കുന്നു. എൻറെ ചൂട് പറ്റി ഉറങ്ങുന്നു. ഇതിലും വലിയ അനുഗ്രഹം എന്തുണ്ട് ഒരു പെണ്ണിന് ലഭിക്കാൻ?   അവൾക്ക് വേണ്ടി ഉറങ്ങാതെ ഇരിക്കുന്ന രാത്രിയെ ഓർത്ത് പോലും എനിക്ക് പരാതിയില്ല..

Wednesday 8 June 2016

At Last....

എല്ലാം അവസാനിച്ചെന്ന് കരുതുന്ന സമയം വരും.അവിടന്ന് തുടങ്ങണം. ശുഭാപ്തി വിശ്വാസത്തോടെ....